ആഫ്രിക്കന്‍ പന്നിപ്പനി: കർഷകർക്ക് നഷ്ടപരിഹാരത്തുക നൽകി
കല്പറ്റ: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായി വയനാട്, കണ്ണൂർ ജില്ലകളിൽ, ആഫ്രിക്കൻ പന്നിപ്പനിയെ തുടർന്ന് കൊല്ലേണ്ടി വന്ന പന്നികളുടെ നഷ്ടപരിഹാര തുക വിതരണം ചെയ്തു.
നഷ്ടപരിഹാര തുക കേന്ദ്ര സർക്കാരും 50 ശതമാനം സംസ്ഥാന സർക്കാരും വഹിക്കേണ്ടതായിരുന്നു. എന്നാൽ കേന്ദ്ര വിഹിതത്തിനായി കാത്തിരിക്കുന്നതിനുപകരം, നിർദ്ദിഷ്ട കാര്യത്തിന് ആവശ്യമായ തുക മൃഗസംരക്ഷണ വകുപ്പിന്‍റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിൽ നിന്നാണ് നൽകിയത്. കേന്ദ്ര സർക്കാരിൽ നിന്ന് തുക ലഭിച്ചാലുടൻ തുക തിരിച്ചുപിടിച്ച് ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോർപ്പസ് ഫണ്ടിൽ നിക്ഷേപിക്കും.
വയനാട് ജില്ലയിലെ ഏഴ് കര്‍ഷകര്‍ക്ക് 37,17,751 രൂപയും, കണ്ണൂര്‍ ജില്ലയിലെ രണ്ടു കര്‍ഷകര്‍ക്ക് 15,15,600 രൂപയും ആണ് സർക്കാർ അനുവദിച്ചത്. ആകെ 52.23 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചത്.