ഡീസലിനും പെട്രോളിനും പിന്നാലെ സി.എന്‍.ജി വിലയും കുതിക്കുന്നു

ഡീസലിനും പെട്രോളിനും പിന്നാലെ സിഎൻജി വിലയും കുതിക്കുന്നു. ഒരു കിലോയ്ക്ക് 4 രൂപ വർദ്ധിച്ച് 91 രൂപയായി. കഴിഞ്ഞ 4 മാസത്തിനിടെ 16 രൂപയാണ് സിഎൻജിയ്ക്ക് കൂടിയത്. ഒറ്റ ദിവസം കൊണ്ട് വില 87 രൂപയിൽ നിന്ന് 91 രൂപയായി ഉയർന്നപ്പോൾ പെട്ട് പോയത് ഓട്ടോറിക്ഷാ ഡ്രൈവർമാരായിരുന്നു. ഒരു വർഷം മുമ്പ് കണ്ണൂരിൽ സിഎൻജി ആരംഭിച്ചപ്പോൾ കിലോയ്ക്ക് 65 രൂപയായിരുന്നു വില.

ഏപ്രിൽ മുതൽ ഗെയ്ലിന്റെ കൂടാളി പൈപ്പ് ലൈൻ വഴി എത്തിത്തുടങ്ങി. 75 രൂപയാണ് അപ്പോൾ വിലയുണ്ടായിരുന്നത്. ഏപ്രിലിൽ ഇത് വീണ്ടും കിലോയ്ക്ക് 82 രൂപയായി വർദ്ധിച്ചു. പിന്നീട് അത് 84 രൂപയായി. കഴിഞ്ഞ ദിവസം വരെ 87 രൂപയായിരുന്നത് ചൊവ്വാഴ്ച മുതൽ 91 രൂപയായി ഉയർന്നു.

വില വർദ്ധനവുണ്ടായിട്ടും നിലവിൽ ക്ഷാമമില്ലെന്നും ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്നും ഇന്ത്യൻ ഓയിൽ അദാനി അധികൃതർ പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ വില 15 ഡോളറിൽ നിന്ന് 55 ഡോളറായി ഉയർന്നതാണ് വില വർദ്ധനവിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. റഷ്യ-ഉക്രൈൻ യുദ്ധവും വിലവർധനവിന് കാരണമായി പറയപ്പെടുന്നു.