കെ.റെയിലിന് പിന്നാലെ ബഫർ സോൺ പ്രക്ഷോഭവും ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ നിസ്സംഗത ഉപേക്ഷിച്ച് ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്‍റുമാരുടെയും സംയുക്ത യോഗം തീരുമാനിച്ചതായി സംഘടനാ ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ.
സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോണ്മെന്‍റ് സെന്‍റർ നടത്തിയ സാറ്റലൈറ്റ് സർവേ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. അശാസ്ത്രീയവും അപൂർണ്ണവുമായ ഉപഗ്രഹ സർവേ ആരെ തൃപ്തിപ്പെടുത്താനെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഗ്രൗണ്ട് സർവേയും പഠനവും നടത്തി ബഫർ സോൺ പരിധി നിശ്ചയിക്കണമെന്നും അതിന് കൂടുതൽ സമയം അനുവദിക്കണമെന്നുമുള്ള റിസർവ് പ്രദേശങ്ങളിലെ ജനങ്ങളുടെ പരാതിയും ന്യായമാണെന്നും കെ.പി.സി.സി നേതൃയോഗം ഓർമിപ്പിച്ചു.
ബഫർ സോൺ പ്രദേശങ്ങളിലെ ആളുകളെ സംഘടിപ്പിച്ചാണ് കെ.പി.സി.സി നേതൃത്വം ആദ്യഘട്ട പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയത്.