ടേക്കോഫിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന് മിന്നലേറ്റു

ബ്രിട്ടന്‍: പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന് മിന്നലേറ്റു. വെൽഷ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ട് പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളില്‍ ഒന്നിന് മിന്നലേറ്റത്. ഫ്ലിന്‍റ്ഷയറിലെ ഹാവാർഡൻ എയർപോർട്ടിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 13.00 മണിക്ക് എയർബസ് ബെലൂഗ പറന്നുയർന്നപ്പോഴാണ് ഇടിമിന്നലേറ്റത്. എന്നാൽ, ജർമ്മനിയിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായാണ് റിപ്പോർട്ടുകൾ.

തിമിംഗലത്തിന്‍റെ ആകൃതിയിലുള്ള എയർബസ് ബെലൂഗ വിമാനങ്ങൾ, മറ്റ് വിമാനങ്ങളുടെ ഭാഗങ്ങൾ വഹിക്കാനാണ് ഉപയോഗിക്കുന്നത്. വാർത്ത പുറത്ത് വന്നയുടൻ മിന്നലാക്രമണം ഒരു പതിവ് സംഭവമാണെന്നും സർവീസ് പൂർത്തിയാക്കിയ വിമാനം സുരക്ഷിതമായി ജർമ്മനിയിലെ ഹാംബർഗിൽ ലാൻഡ് ചെയ്തുവെന്നും എയർബസ് ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കി. 

എ 350 വിമാനം നിർമ്മിക്കുന്ന ഫ്ലിന്‍റ്ഷെയറിലെ ബ്രൂട്ടണിൽ നിന്ന് വിമാനം അസംബിൾ ചെയ്യുന്ന ടുലൂസിലേക്ക് വിമാന ഭാഗങ്ങൾ എത്തിക്കുക എന്നതാണ് ബെലൂഗയുടെ പ്രധാന ജോലി. ബെലൂഗയിൽ മിന്നലും തുടർന്ന് വൻ സ്ഫോടനവും കേട്ടതായി സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ വന്നിരുന്നു. കുറച്ച് സമയത്തിന് ശേഷം സമീപത്തെ പല വീടുകളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. എന്നിരുന്നാലും, വൈദ്യുതി വിതരണ കമ്പനിയായ സ്കോട്ടിഷ് പവർ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് പുനഃസ്ഥാപിച്ചതായി അറിയിച്ചു.