ട്വിൻ ടവറിന് പിന്നാലെ പൂനെയിലെ പാലവും നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു

പൂനെ: ട്വിൻ ടവര്‍മാതൃകയിൽ മഹാരാഷ്ട്രയിലെ ചാന്ദ്നി ചൗക്കിലെ പാലം തകര്‍ത്തു. 1990കളുടെ അവസാനത്തിൽ നിർമ്മിച്ച പാലം അർദ്ധരാത്രിയിലാണ് പൊളിച്ചുനീക്കിയത്. മുംബൈ-ബെംഗളൂരു ഹൈവേയിലാണ് പാലം പണിതിരുന്നത്. ചാന്ദ്നി ചൗക്കിലെ തിരക്ക് കുറയ്ക്കാനായി പണിയുന്ന പുതിയ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന്‍റെ ഭാഗമായി നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് പാലം പൊളിച്ചത്. പാലം തകര്‍ക്കുന്നത് നാട്ടുകാര്‍ അത്ഭുതത്തോടെയാണ് കാത്തിരുന്നത്.

ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് പാലം തകർന്നത്. തകർന്ന അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ മെഷീനുകൾ, ഫോര്‍ക്ക് നെയിൽസ്, ട്രക്കുകൾ എന്നിവ ഉപയോഗിക്കുമെന്ന് കെട്ടിടം പൊളിച്ചുനീക്കിയ എഡിഫൈസ് എഞ്ചിനീയറിംഗ് കമ്പനിയുടെ സഹസ്ഥാപകൻ ചിരാഗ് ചെദ പറഞ്ഞു. നോയിഡയിലെ സൂപ്പർടെക് ട്വിൻ ടവർ തകർത്തത് ഇതേ കമ്പനിയാണ്. ഓഗസ്റ്റിലാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഇരട്ട ടവറുകൾ തകർത്തത്. 

പാലം പൊളിക്കുന്നതിന്‍റെ ഭാഗമായി ഇതുവഴി വാഹനഗതാഗതം നിരോധിച്ച് വഴിതിരിച്ചുവിട്ടു. എന്നാൽ പാലത്തിന്‍റെ ഒരു ഭാഗം ഇപ്പോഴും തകർന്നിട്ടില്ല. കോൺക്രീറ്റ് മാറ്റിയെന്നും എന്നാൽ അതിന്റെ സ്റ്റീൽ ബാറുകൾ മാത്രമാണ് മാറ്റാനുള്ളതെന്നും അധികൃതര്‍ പറഞ്ഞു. സ്റ്റീൽ ബാറുകൾ മാറ്റിയാൽ ബാക്കിയുള്ളവയും താഴെ വീഴുമെന്നും  ചിരാഗ് ചെദ പറഞ്ഞു. പാലത്തിന്റെ നിര്‍മ്മാണം തങ്ങൾ ഉദ്ദേശിച്ചതിലും മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.