“മോദിയെ പ്രതിചേര്‍ക്കാന്‍ അഹമ്മദ് പട്ടേല്‍ ഗൂഢാലോചനയ്ക്ക് നിര്‍ദേശിച്ചു”

അഹമ്മദാബാദ്: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് എന്ന് ഗുജറാത്ത് പൊലീസ്. ടീസ്റ്റയുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കുന്നതിനിടെയാണ് ഗുജറാത്ത് പോലീസ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റുള്ളവരെയും കുറ്റക്കാരാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ടീസ്റ്റയെയും മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ ആർ ബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവരെയും അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.

2002 ലെ കലാപത്തിന് ശേഷം ഗുജറാത്തിലെ ബിജെപി സർക്കാരിനെ അട്ടിമറിക്കാൻ അഹമ്മദ് പട്ടേലിന്‍റെ അറിവോടെ നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ടീസ്റ്റയെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമായിരുന്നു ഇത്. നിരപരാധികളെ ശിക്ഷിക്കാൻ ടീസ്റ്റയ്ക്ക് എതിര്‍പാര്‍ട്ടികളില്‍നിന്ന് നിയമവിരുദ്ധമായി സാമ്പത്തിക നേട്ടങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഗോധ്ര കലാപത്തിന് ശേഷം ടീസ്റ്റ 30 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സാക്ഷിമൊഴികളെ ഉദ്ധരിച്ച് അന്വേഷണ സംഘം പറയുന്നത്.

കലാപക്കേസിൽ ഗുജറാത്ത് സർക്കാരിന്റെ ഭാഗമായിരുന്ന മുതിർന്ന ബിജെപി നേതാക്കളുടെ പേരുകൾ ഉൾപ്പെടുത്താൻ ടീസ്റ്റ നിരവധി തവണ ഡൽഹിയിൽ കേന്ദ്രത്തിലെ അന്നത്തെ ഭരണകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രത്യേക അന്വേഷണ സംഘം ആരോപിച്ചു. എന്തുകൊണ്ടാണ് ഷബാനയ്ക്കും ജാവേദിനും മാത്രം അവസരം നൽകുന്നതെന്നും എന്തുകൊണ്ടാണ് തന്നെ രാജ്യസഭാംഗമാക്കാത്തതെന്നും ടീസ്റ്റ കോൺഗ്രസ് നേതാക്കളോട് ചോദിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു. കോൺഗ്രസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. സത്യവാങ്മൂലം ഫയലില്‍ സ്വീകരിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി.ഡി.താക്കൂര്‍ ടീസ്റ്റയുടെ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി.