സംസ്ഥാനത്ത് എയ്ഡ്സ് ബാധിതർ കുറയുന്നു; രോഗം ബാധിച്ചുള്ള മരണത്തിൽ 81% കുറവ്
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ എയ്ഡ്സ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നു. എന്നിരുന്നാലും, പുതിയ കേസുകളിൽ ഭൂരിഭാഗവും യുവാക്കളാണെന്നത് ആശങ്കാജനകമാണ്.
ഐസിഎംആറും നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനും നൽകുന്ന കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ 10 വർഷത്തിനിടെ പുതുതായി റിപ്പോർട്ട് ചെയ്ത എച്ച്ഐവി പോസിറ്റീവ് കേസുകളിൽ ഗണ്യമായ കുറവുണ്ടായി. 2011ൽ 2,160 പേർക്കാണ് എയ്ഡ്സ് സ്ഥിരീകരിച്ചത്. എന്നാൽ, 2021 ൽ പുതിയ രോഗബാധിതരുടെ എണ്ണം 866 ആയി കുറഞ്ഞു. എയ്ഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ 81 ശതമാനം കുറവുണ്ടായി. അമ്മയിൽ നിന്ന് കുട്ടികളിലേക്ക് രോഗം പകരുന്നതിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോഴിക്കോട് ജില്ലയിൽ ഇത്തരത്തിൽ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല.
പുതിയ കേസുകളിൽ ഭൂരിഭാഗവും യുവാക്കളാണ്. ലഹരി ഉപയോഗം വർദ്ധിക്കുന്നതാണ് പ്രധാന കാരണം. എയ്ഡ്സ് രോഗികളുടെ ആയുർദൈർഘ്യത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. 2025 ഓടെ സംസ്ഥാനത്ത് പുതിയ എച്ച്ഐവി പോസിറ്റീവ് കേസുകൾ ഇല്ലാതാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.