ഫുട്ബോളിൻ്റെ മുഖച്ഛായ മാറ്റാൻ എഐഎഫ്എഫ്; 25 വർഷത്തേക്കുള്ള പദ്ധതികൾ ഒരുങ്ങുന്നു

ഇന്ത്യൻ ഫുട്ബോളിന്‍റെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾക്കായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അടുത്ത 25 വർഷം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ റോ‍ഡ്മാപ്പ് ഫെഡറേഷൻ ഒരുക്കുന്നതായാണ് സൂചന. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നത് അന്തിമലക്ഷ്യമായിട്ടുള്ള പ്രവർത്തനമായിരിക്കില്ല ഫെ‍ഡറേഷന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത 25 വർഷത്തിനുള്ളിൽ ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ ശക്തിയായി മാറാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും മികച്ച ടീമായിരുന്നു ഇന്ത്യ. ഇന്ത്യയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് റോഡ് മാപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ലക്ഷ്യം മുന്നിൽ കണ്ട് അതിനായുള്ള പ്രവർത്തനമാകും ഇനിയുണ്ടാകുകയെന്നും സൂചനയുണ്ട്. എ.ഐ.എഫ്.എഫ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനകം റോഡ് മാപ്പ് പുറത്തിറക്കാനായിരുന്നു പദ്ധതി. ജനുവരി ആദ്യവാരം എ.ഐ.എഫ്.എഫ് റോഡ്മാപ്പ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.