ലോക്സഭാ തിരഞ്ഞെടുപ്പ്: 4900 എന്‍ എസ് എസ്, എസ് പി സി വളണ്ടിയര്‍മാര്‍ സജ്ജം

കണ്ണൂർ:-സഞ്ചരിക്കാന്‍ പരസഹായം ആവശ്യമുള്ള 85 വയസ്സ് കഴിഞ്ഞ മുതിര്‍ന്നവര്‍, ബെഞ്ച് മാര്‍ക്ക്ഉള്ള (40% മുകളില്‍ ഭിന്നശേഷിത്വം) ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യുന്നതിന് 4900 എന്‍എസ്എസ്, എസ് പി സി വളണ്ടിയര്‍മാരെ നിയോഗിച്ചു. ഇവര്‍ക്കുള്ള ചുമതലകളും മാര്‍ഗനിര്‍ദേശങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പുറപ്പെടുവിച്ചു.

പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിന് ബുദ്ധിമുട്ടുള്ളവരെ ബൂത്തുകളിലും തിരിച്ച് വീടുകളിലും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വളണ്ടിയര്‍മാര്‍ നിര്‍വഹിക്കേണ്ടത്. പോളിംഗ് ബൂത്ത്തലം / സെക്ടര്‍തലം എന്നിങ്ങനെയാണ് വളണ്ടിയര്‍മാരെ നിയോഗിച്ചിരിക്കുന്നത്.

വളണ്ടിയര്‍മാരെ ബൂത്ത്/സെക്ടര്‍ തലത്തില്‍ വിന്യസിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഓരോ നിയോജക മണ്ഡലത്തിലും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരെ വളന്റിയര്‍ കോര്‍ഡിനേറ്റര്‍മാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്‍എന്‍എസ് ജില്ലാ കോഓര്‍ഡിനേറ്റര്‍, പ്രോഗ്രാം ഓഫിസര്‍മാരെ ഏകോപിപ്പിക്കും.

എസ് പി സി വളണ്ടിയര്‍മാരുടെ ബൂത്ത് /സെക്ടര്‍ ലെവല്‍ വിന്യാസം നടത്തുന്നത് കണ്ണൂര്‍ സിറ്റി പോലീസിലെയും റൂറല്‍ പോലീസിലേയും എസ് പിസിയുടെ ജില്ലാ കോര്‍ഡിനേറ്റര്‍മാരാണ്

ഒരു വില്ലേജ് ഓഫീസിനു കീഴിലുള്ള പോളിങ് ബൂത്തുകളെ ഒരു സെക്ടറായി തിരിച്ചിട്ടുണ്ട്.അതത് പ്രദേശത്തെ വില്ലേജ് ഓഫീസര്‍മാരെ സെക്ടര്‍ ഓഫിസര്‍മാരായും നിയോഗിച്ചിട്ടുണ്ട്. വളണ്ടിയര്‍മാര്‍ സെക്ടര്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കണം.