ഹോട്ടലുകൾക്കുള്ള ‘ഹൈജീൻ’ ആപ്ലിക്കേഷനുമായി ഭക്ഷ്യ സുരക്ഷാ കമ്മിഷൻ

തിരുവനന്തപുരം: സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുന്ന ഹൈജീൻ ആപ്ലിക്കേഷൻ ഉടൻ സജീവമാകും. ഹോട്ടലുകളുടെ ഗുണനിലവാരവും ശുചിത്വവും റേറ്റ് ചെയ്യുന്ന ആപ്പ് ഈ മാസം 15നകം പുറത്തിറക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി ആർ വിനോദ് പറഞ്ഞു. ഭക്ഷ്യവിഷബാധ ആവർത്തിക്കാൻ കാരണം പരിശോധനകളുടെ അഭാവമല്ലെന്നും എല്ലാവരുടെയും സഹകരണത്തോടെ സുരക്ഷ ഉറപ്പാക്കാനാണു ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശുചിത്വം, സൗകര്യങ്ങൾ, ഭക്ഷണ വില എന്നിവയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുന്നതാണ് ഹൈജീൻ ആപ്ലിക്കേഷൻ. ഈ ആപ്ലിക്കേഷനിലൂടെ, ഹോട്ടലുകളുടെ റേറ്റിംഗ് നോക്കി പൊതുജനങ്ങൾക്ക് ആക്സസ് ചെയ്യാൻ കഴിയും. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി അംഗീകരിച്ച ഏജൻസികളാണ് ഓഡിറ്റിങ്ങിലൂടെ റേറ്റിംഗ് നൽകുക. എല്ലാ ഹോട്ടലുകളെയും ആപ്പിൻ്റെ കീഴിൽ കൊണ്ടുവന്ന് ആപ്പ് സജീവമാക്കുന്നതോടെ പ്രശ്നപരിഹാരമാവുമെന്നാണ് പ്രതീക്ഷ.