എയിംസ് സൈബര്‍ ആക്രമണം; ഇൻ്റര്‍പോളിനോട് സഹായം ആവശ്യപ്പെടാൻ ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ഡൽഹി എയിംസിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ഇന്‍റർപോളിന്‍റെ സഹായം തേടാൻ ഡൽഹി പൊലീസ്. സൈബര്‍ ആക്രമണം നടത്തുന്നതിനുപയോഗിച്ച, ചൈനയിലെ ഹെനാനില്‍ നിന്നും ഹോങ്കോങ്ങില്‍നിന്നുമുള്ള ഇ മെയിലിൻ്റെ ഐ.പി വിലാസങ്ങൾ ലഭ്യമാക്കാന്‍ ഇൻ്റര്‍പോളിനോട് അഭ്യര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് സി.ബി.ഐയ്ക്ക് കത്ത് നൽകി.

ഡൽഹി പൊലീസിന്‍റെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ വിഭാഗമാണ് കത്തയച്ചത്. ഇന്‍റർപോളുമായി ബന്ധപ്പെടാനുള്ള രാജ്യത്തെ നോഡൽ ഏജൻസിയാണ് സി.ബി.ഐ. അതുകൊണ്ടാണ് ഈ വിഷയത്തിൽ ഡൽഹി പൊലീസ് സി.ബി.ഐക്ക് കത്തെഴുതിയത്.

നവംബർ 23നാണ് ഡൽഹിയിലെ എയിംസിൽ സൈബർ ആക്രമണം നടന്നത്. എയിംസിലെ 100 ഫിസിക്കൽ സെർവറുകളിൽ അഞ്ചെണ്ണം ആക്രമിക്കപ്പെട്ടു. ഇതിന് പിന്നാലെ ഡൽഹി ഐ.എഫ്.എസ്.ഒ. കേസ് രജിസ്റ്റർ ചെയ്തു. സെർവറിലെ ഡാറ്റ പിന്നീട് പുനഃസ്ഥാപിക്കുകയും സുരക്ഷാ ചുമതലയുള്ള രണ്ട് അനലിസ്റ്റുകളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.