എയര്‍ അറേബ്യയിൽ ഒരു വര്‍ഷത്തേക്ക് എത്ര തവണ വേണമെങ്കിലും സൗജന്യമായി യാത്ര നടത്താം

അബുദാബി: ഒരു വര്‍ഷത്തേക്ക് എത്ര തവണ വേണമെങ്കിലും സൗജന്യമായി വിമാന യാത്ര നടത്താനുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കി യാത്രക്കാരി. അബുദാബി ആസ്ഥാനമായുള്ള ബജറ്റ് വിമാനക്കമ്പനിയായ എയർ അറേബ്യയാണ് യാത്രക്കാരിക്ക് ടിക്കറ്റ് നൽകിയത്. ഈ യാത്രക്കാരിയിലൂടെയാണ് എയർ അറേബ്യയുടെ വിമാനങ്ങളിൽ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നത്. ഇതേതുടർന്നാണ് ഇവർക്ക് സമ്മാനം ലഭിച്ചത്.

ചൊവ്വാഴ്ച എയർ അറേബ്യ 10 ലക്ഷം യാത്രക്കാരെന്ന നാഴികക്കല്ല് പിന്നിട്ടു. എയർ അറേബ്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സമ്മാന ജേതാവിന് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാനുള്ള ടിക്കറ്റുകൾ ലഭിക്കുമെന്നും അടുത്ത ഒരു വർഷത്തേക്ക് ഇത് ഉപയോഗിക്കാമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച അബുദാബിയിൽ നിന്ന് ജോർജിയൻ തലസ്ഥാനമായ ടിബിലിസിയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് എയർലൈനിന്‍റെ സമ്മാനം. അബുദാബി വിമാനത്താവളത്തിൽ എയർ അറേബ്യ ജീവനക്കാർ ഇവർക്ക് പ്രത്യേക സ്വീകരണം നൽകി. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഹബ്ബിൽ നിന്ന് ലോകമെമ്പാടുമുള്ള 25 നഗരങ്ങളിലേക്ക് 8,000 ലധികം വിമാന സർവീസുകളിലൂടെ എയർ അറേബ്യ 1 ദശലക്ഷം യാത്രക്കാർ എന്ന നാഴികക്കല്ല് പിന്നിട്ടു.