കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

മസ്‍കത്ത്: ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള നിരവധി വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്കുള്ള സർവീസിന്‍റെ സമയക്രമം പുനഃക്രമീകരിച്ചു. കേരളത്തിലെ വിമാനത്താവളങ്ങൾക്ക് പുറമെ മംഗലാപുരത്ത് നിന്നുള്ള ഒരു വിമാനവും റദ്ദാക്കിയിട്ടുണ്ട്. തിരുച്ചിറപ്പള്ളിയിൽ നിന്ന് മസ്കറ്റിലേക്കുള്ള വിമാന സർവീസുകളുടെ സമയവും പുനഃക്രമീകരിച്ചു.

ചൊവ്വാഴ്ചകളിൽ തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്കുള്ള ഐഎക്സ് 0549 വിമാനം മൂന്ന് മണിക്കൂർ 15 മിനിറ്റ് വൈകും. മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഐഎക്സ് 0554 വിമാനവും സമാനമായ രീതിയിൽ മൂന്ന് മണിക്കൂർ 15 മിനിറ്റ് വൈകും.

തിങ്കളാഴ്ചകളിൽ കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടുന്ന ഐഎക്സ് 339, മസ്കറ്റിൽ നിന്ന് അതേ ദിവസം കോഴിക്കോട്ടേക്ക് മടങ്ങുന്ന ഐഎക്സ് 350 എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ബുധൻ, ഞായർ ദിവസങ്ങളിൽ കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പോകുന്ന ഐഎക്സ് 337, മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന ഐഎക്സ് 350 എന്നിവയും റദ്ദാക്കി.