500 ജെറ്റ്‌ലൈനറുകൾ വാങ്ങാൻ എയർ ഇന്ത്യ പദ്ധതിയിടുന്നു
ന്യൂഡൽഹി: 500 വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിട്ട് എയർ ഇന്ത്യ. ഇത് സംബന്ധിച്ച കരാറിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. എയർബസ്, ബോയിങ് കമ്പനികളിൽ നിന്ന് 500 ജെറ്റ് ലൈനറുകൾ വാങ്ങും. പദ്ധതിക്ക് 100 ബില്യൺ ഡോളറിലധികം ചെലവ് പ്രതീക്ഷിക്കുന്നു.
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എയർ ഇന്ത്യ വൻ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സിംഗപ്പൂർ എയർലൈൻസിന്‍റെ സഹ ഉടമസ്ഥതയിലുള്ള വിസ്താരയും കഴിഞ്ഞ ദിവസം എയർ ഇന്ത്യയുമായി ലയിച്ചിരുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര കാരിയറായും 218 വിമാനങ്ങളുള്ള രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറായും എയർ ഇന്ത്യ മാറി. ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനി ഇൻഡിഗോയാണ്.
എയർബസ് എ 350, ബോയിംഗ് 787, ബോയിംഗ് 777 എന്നിവയും എയർ ഇന്ത്യ വാങ്ങുന്നവയിൽ ഉൾപ്പെടും. വരും ദിവസങ്ങളിൽ കരാർ യാഥാർത്ഥ്യമാകുമെന്നാണ് വിവരം. എന്നാൽ എയർബസ്, ബോയിംഗ്, ടാറ്റ ഗ്രൂപ്പ് എന്നിവ ഈ വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.