എയര്‍ ഇന്ത്യ ഖത്തറിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങുന്നു

ദോഹ: ദോഹയിലേക്ക് പുതിയ വിമാന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. ദോഹ-മുംബൈ-ദോഹ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഈ റൂട്ടിൽ ഉണ്ടാവുക. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ നടത്തുക.

ഒക്ടോബർ 30ന് ഉച്ചയ്ക്ക് 12.45ന് ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള നോണ്‍സ്‌റ്റോപ്പ് എയർ ഇന്ത്യ വിമാനം പുറപ്പെടും. ഇന്ത്യൻ സമയം വൈകിട്ട് 6.45ന് മുംബൈയിലെത്തും. 920 റിയാലാണ് ടിക്കറ്റ് നിരക്ക്. നിലവിൽ 2023 മാർച്ച് 19 വരെ ബുക്കിംഗ് ലഭ്യമാണെന്ന് എയർലൈനിന്‍റെ വെബ്സൈറ്റ് കാണിക്കുന്നു.

ലഭ്യമായ സ്ലോട്ടുകൾ അനുസരിച്ച്, ഇന്ത്യയ്ക്കും ഖത്തറിനും ഇടയിൽ ഡൽഹി, മുംബൈ, ദോഹ എന്നിവിടങ്ങളില്‍ 6 പ്രതിവാര സര്‍വീസുകള്‍ ചേർക്കാൻ എയർലൈൻ പദ്ധതിയിടുന്നുണ്ട്. കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്ക് ആഴ്ചയിൽ നാലു വിമാന സർവീസുകളും പദ്ധതിയിൽ ഉൾപ്പെടുന്നു.