ആറ് മാസത്തിനുള്ളില്‍ എയര്‍ ഇന്ത്യയുടെ ടെക് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനസജ്ജമാകും

കൊച്ചി: ടാറ്റാ ഗ്രൂപ്പിന്‍റെ കീഴിലുള്ള എയർ ഇന്ത്യ പുതുതായി ആരംഭിക്കുന്ന രണ്ട് ടെക്നോളജി ഡെവലപ്മെന്‍റ് സെന്‍ററുകളിൽ ഒന്ന് കൊച്ചിയിൽ വരുന്നു. ആറ് മാസത്തിനകം കാക്കനാട് ഇൻഫോപാർക്കിലോ സമീപമോ ഇത് സ്ഥാപിക്കും. ഡൽഹിക്കടുത്തുള്ള ഗുരുഗ്രാമിലാണ് എയർ ഇന്ത്യയുടെ ആദ്യ ടെക് സെന്‍റർ.

കൊച്ചിയിൽ ആരംഭിക്കാനിരിക്കുന്ന ടെക് സെന്‍ററിലേക്കുള്ള റിക്രൂട്ട്മെന്‍റ് നടപടികൾ പുരോഗമിക്കുകയാണ്. സോഫ്റ്റ് വെയർ എഞ്ചിനീയർമാർ, ആപ്പ് ഡെവലപ്പർമാർ, സൈബർ സുരക്ഷാ പരിശോധനാ വിദഗ്ധർ എന്നിവരെ കൊച്ചി സെന്‍ററിൽ നിയമിക്കും. കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അഭിമുഖം നടന്നത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടിസിഎസ്, ടാറ്റ ഡിജിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള ചില വിദഗ്ധരും എയർ ഇന്ത്യ ടെക്നോളജി സെന്‍ററിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ കൈകളിൽ നിന്ന് ഏറ്റെടുത്ത എയർ ഇന്ത്യയുടെ സംയോജനം എളുപ്പമാക്കുന്നതിന്‍റെ ഭാഗമായാണ് കൊച്ചിയിലും ഗുരുഗ്രാമിലും ടെക്നോളജി സെന്‍ററുകൾ സ്ഥാപിക്കുന്നത്. ഉപഭോക്തൃ സേവനം ജനപ്രിയമാക്കാനും ഇത് ലക്ഷ്യമിടുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയില്‍ വിസ്താര, എയര്‍ ഏഷ്യ എന്നീ കമ്പനികളെ ലയിപ്പിക്കുന്നുണ്ട്. പുതിയ ടെക് സെന്‍ററിന് ഇതിന്‍റെ ബാക്ക്-എൻഡ് സാങ്കേതികവിദ്യയും മറ്റും സംയോജിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തവും ഉണ്ടായിരിക്കും.