വായു മലിനീകരണം 70 മുതൽ 80% വരെ കുറഞ്ഞു; ഡൽഹിയിലെ സ്മോഗ് ടവർ ഫലപ്രദം

ഡൽഹി: വായു മലിനീകരണം തടയുന്നതിൽ ഡൽഹിയിലെ കൊണാട്ട്പ്ലേസിൽ സ്ഥാപിച്ച സ്മോഗ് ടവർ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി മന്ത്രി ഗോപാൽ റായ്. സ്മോഗ് ടവറിന്‍റെ 300 മീറ്റർ ചുറ്റളവിൽ, വായു മലിനീകരണം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ടവർ സ്ഥാപിച്ച സ്ഥലത്തിന്‍റെ 50 മീറ്റർ ചുറ്റളവിൽ വായു മലിനീകരണം 70 മുതൽ 80% വരെ കുറഞ്ഞു.

കൊണാട്ട് പ്ലേസിലെ സ്മോഗ് ടവർ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന്‍റെ പ്രയോജനങ്ങൾ വിലയിരുത്താൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നടത്തിയ പഠനത്തിൽ സ്മോഗ് ടവർ ഫലപ്രദമാണെന്ന് തെളിഞ്ഞതായി മന്ത്രി പറഞ്ഞു. ഏകദേശം 24 മീറ്റർ ഉയരമുള്ള സ്മോഗ് ടവർ സ്ഥാപിക്കുന്നതിനുള്ള ചെലവ് 20 കോടി രൂപയാണ്. മലിനമായ വായുവിനെ ആഗിരണം ചെയ്യുകയും ശുദ്ധീകരിച്ച് പുറത്തുവിടുകയും ചെയ്യുന്ന ഒരു സംവിധാനമാണിത്.