ഡൽഹിയിൽ വായു മലിനീകരണ തോത് കുത്തനെ ഉയർന്നു

ന്യൂ ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ വായു മലിനീകരണ തോത് വളരെ മോശമായി തുടരുന്നു. മൊത്തം വായു ഗുണനിലവാര സൂചിക (എക്യുഐ) 323 രേഖപ്പെടുത്തി. ദീപാവലി ആഘോഷങ്ങൾക്ക് ശേഷമാണ് മലിനീകരണ തോത് കുത്തനെ ഉയർന്നത്. പടക്കം പൊട്ടിക്കുന്നതിനൊപ്പം അതിർത്തി സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതും സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ഗുരുതരമാകുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്നലെ 270-ൽ എത്തിയ വായു ഗുണനിലവാര സൂചിക രാത്രിയായതോടെ വഷളായി. ഡൽഹി നഗരത്തിനകത്തും പുറത്തും നോയിഡ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലും സ്ഥിതി സമാനമാണ്. ഡൽഹിയുടെ പല ഭാഗങ്ങളിലും ദൂരക്കാഴ്ച മങ്ങിത്തുടങ്ങിയിരിക്കുകയാണ്. ശൈത്യകാലത്തിന് മുന്നോടിയായി അയൽ സംസ്ഥാനങ്ങൾ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കാൻ തുടങ്ങുമ്പോൾ അന്തരീക്ഷം കൂടുതൽ മലിനമാകുമെന്ന ആശങ്ക ശക്തമാണ്. മലിനീകരണം കുറയ്ക്കുന്നതിന് ട്രാഫിക് സിഗ്നലുകളിൽ എത്തുന്ന വാഹനങ്ങൾ ഉടൻ തന്നെ ഓഫ് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പലയിടത്തും വാട്ടർ സ്പ്രിങ്ക്ളറുകൾ സ്ഥാപിച്ചിട്ടുണ്ട്.