വായുമലിനീകരണം ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങളുടെ ആയുർദൈർഘ്യം വായു മലിനീകരണം മൂലം കുറയുന്നുവെന്ന അന്താരാഷ്ട്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. ചിക്കാഗോ സർവകലാശാലയാണ് വായു മലിനീകരണം സംബന്ധിച്ച് ഈ പഠനം നടത്തിയത്. നോട്ടീസിന് നാലാഴ്ചയ്ക്കകം മറുപടി നൽകണം.

2019ൽ ആരംഭിച്ച നാഷണൽ ക്ലീൻ എയർ പ്രോഗ്രാമിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ കമ്മിഷൻ സ്വമേധയാ ഏറ്റെടുത്തു. മനുഷ്യരുടെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നമാണ് പഠനം ഉന്നയിക്കുന്നതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

ജൂൺ 14നാണ് റിപ്പോർട്ട് പുറത്തുവിട്ടത്. വായു മലിനീകരണം ഡൽഹി നിവാസികളുടെ ആയുർദൈർഘ്യം 10 വർഷം വരെ കുറയ്ക്കുമെന്ന് പഠനം കണ്ടെത്തി. ഈ നിലയിൽ മലിനീകരണം തുടരുകയാണെങ്കിൽ, ബീഹാർ, ചണ്ഡിഗഡ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ജനങ്ങളുടെ ആയുർദൈർഘ്യം ശരാശരി 7.6 വര്‍ഷം കുറയുമെന്നാണ് റിപ്പോർട്ട്.