വിമാനക്കൂലി പ്രധാനമായും വിപണിയെ അടിസ്ഥാനമാക്കിയുള്ളത്, സർവീസ് വർധിപ്പിക്കും: മുരളീധരൻ

ദുബായ്: വിമാന നിരക്ക് കുത്തനെ വർധിക്കുന്നത് തടയുന്നതിനായി ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സർവീസുകൾ വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ. ഒട്ടേറെ ഇന്ത്യൻ പ്രവാസി കുടുംബങ്ങളുടെ വേനൽക്കാല യാത്രകളെ ബാധിച്ച അമിത ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ള ചോദ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ പീപ്പിൾസ് ഫോറം സംഘടിപ്പിച്ച കമ്മ്യൂണിറ്റി മീറ്റിങ്ങിലും ഓണാഘോഷത്തിലും പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ആഫ്രിക്കൻ സന്ദർശനത്തിന് ശേഷം നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അദ്ദേഹം ദുബായിലിറങ്ങിയത്.

മുൻ വ്യോമയാന മന്ത്രിയുമായി താൻ വ്യക്തിപരമായി നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യോമയാന മേഖലയെ നിയന്ത്രിക്കുന്നത് സർക്കാരല്ലെന്നും വിമാനക്കൂലി പ്രധാനമായും വിപണി അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞ വർഷം ഇന്ത്യൻ സർക്കാർ മുൻകൈ എടുത്തിരുന്നു. വരും കാലത്തും ഇതേ സമീപനം തുടരും. തിരക്കേറിയ സീസണുകളിൽ യാത്ര ചെയ്യുന്ന പ്രവാസികളുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ യാത്രാ സീസണുകളിൽ വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ എയർലൈൻ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും പറഞ്ഞു.