‘കുമാരി’യായി ഐശ്വര്യ ലക്ഷ്മി; ടീസർ പുറത്തിറങ്ങി

ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തുന്ന മിസ്റ്ററി ത്രില്ലർ ‘കുമാരിയുടെ’ ടീസർ പുറത്തിറങ്ങി. ‘രണം’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നിർമ്മൽ സഹദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തുന്നത്.

ചിത്രത്തിന്‍റെ ടീസറിലൂടെ, ഒരു ഇതിഹാസത്തിൽ നിന്ന് വേർതിരിച്ചെടുത്ത ഒരു കഥയായാണ് കുമാരിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. ചിത്രത്തിന്‍റെ നിർമ്മാതാക്കളിൽ ഒരാളായ പൃഥ്വിരാജ് ആണ് ടീസറിൽ കുമാരിയെയും കഥയെയും അവതരിപ്പിക്കുന്നത്. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പിടിയിൽ അകപ്പെടുന്ന കുമാരി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതേസമയം, കഥ നടക്കുന്ന കാലഘട്ടവും ടീസർ പരിചയപ്പെടുത്തുന്നു.

ഷൈൻ ടോം ചാക്കോ, സ്വാസിക, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകൻ നിർമലും ഫസൽ ഹമീദും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം എബ്രഹാം ജോസഫും സംഗീതം ജെയ്ക്സ് ബിജോയിയും നിർവഹിക്കുന്നു. ശ്രീജിത്ത് സാരംഗ് ചിത്രത്തിന്‍റെ എഡിറ്ററും കളറിംഗും ഗോകുൽ ദാസ് പ്രൊഡക്ഷൻ ഡിസൈനിങ്ങും നിർവഹിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ്, ഫ്രഷ് ലൈം സോഡ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.