ഐശ്വര്യ ലക്ഷ്മിയുടെ ‘കുമാരി’ ഒക്ടോബര്‍ 28 ന് റിലീസ് ചെയ്യും

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബർ 28ന് റിലീസ് ചെയ്യും. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഫ്രഷ് ലൈം സോഡാസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിർമ്മൽ സഹദേവാണ്.

ചിത്രത്തിന്‍റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. കാഞ്ഞിരംകാട് എന്ന സ്ഥലത്താണ് സിനിമയുടെ കഥ നടക്കുന്നത്. നിഗൂഢതയും ഹൊറർ പശ്ചാത്തലവും നിറഞ്ഞതാണ് ട്രെയിലർ. മന്ത്രവാദവും, കുരുതികളങ്ങളുമുള്ള ചിത്രത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, ഗിജു ഗോൺ, തൻവി റാം, സ്ഫടികം ജോർജ്, രാഹുൽ മാധവ്, ശിവജിത്ത്, ശ്രുതി മേനോൻ, ശൈലജ കൊട്ടാരക്കര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. നിർമ്മൽ സഹദേവും ഫസൽ ഹമീദും ചേർന്നാണ് ചിത്രത്തിന്റെ രചന, ഛായാഗ്രഹണം എബ്രഹാം ജോസഫും, സംഗീതം ജേക്സ് ബിജോയിയും നിർവഹിക്കുന്നു.