ആകാശ എയർ കൊച്ചിയിൽ നിന്ന് സർവീസ് ആരംഭിച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ കൊച്ചിയിൽ നിന്ന് സർവീസ് ആരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് കൊച്ചിയിൽനിന്നുള്ള സർവീസ് ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.10നാണ് ബെംഗളൂരുവിലേക്കുള്ള ആദ്യ വിമാനം പറന്നുയർന്നത്. ഇതോടെ കൊച്ചിയിൽ നിന്നുള്ള പ്രതിവാര ബെംഗളൂരു സർവീസുകളുടെ എണ്ണം 100 ആയി.

ശനിയാഴ്ച മുതൽ ബെംഗളൂരു-കൊച്ചി-ബെംഗളൂരു മേഖലയിൽ ആകാശ എയർ ദിവസവും രണ്ടു വീതം സർവീസുകൾ നടത്തും. രാവിലെ 8.30ന് ബെംഗളൂരുവിൽ നിന്നുമെത്തുന്ന ആദ്യ വിമാനം 9.05നു മടങ്ങും. 12.30ന് എത്തുന്ന രണ്ടാം വിമാനം 1.10നു മടങ്ങിപ്പോവും. കൊച്ചിക്ക് പുറമെ ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് മാത്രമാണ് വിമാന സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിലെ 56 പ്രതിവാര സർവീസുകളിൽ 28 എണ്ണവും കൊച്ചിയിൽ നിന്നാണ്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആകാശ വിമാന സർവീസിന്‍റെ ആദ്യ ഘട്ടത്തിൽ തന്നെ കൊച്ചിയെ ഉൾപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. യാത്രക്കാർക്ക് മികച്ച സേവന സൗകര്യങ്ങളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകേണ്ടത് സിയാലിന്‍റെ ഉത്തരവാദിത്തമാണെന്നും സുഹാസ് പറഞ്ഞു.