എകെജി സെന്റർ ആക്രമണക്കേസ്; നാലാം പ്രതിക്ക് ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഈ മാസം 24 നും 30 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. കേരളം വിട്ട് പോകരുത്. പാസ്പോർട്ട് 7 ദിവസത്തിനകം കോടതിയിൽ ഹാജരാക്കണം. അറസ്റ്റ് രേഖപ്പെടുത്തിയാൽ 1 ലക്ഷം രൂപയോ തത്തുല്യമായ ആൾജാമ്യമോ ഉണ്ടെങ്കിൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
നവ്യ ആക്രമണത്തിലെ പ്രധാന കണ്ണിയാണെന്നും, ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂട്ടർ ഹരീഷ് കുമാർ വാദിച്ചു. എന്നാൽ കേസിൽ നവ്യയുടെ പങ്ക് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.