എകെജി സെന്റർ ആക്രമണം: ക്രൈംബ്രാഞ്ച് അന്വേഷണവും മന്ദഗതിയിൽ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന ഓഫീസായ എ.കെ.ജി സെന്‍ററിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം മന്ദഗതിയിൽ. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി നാല് ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. ആക്രമണത്തിലെ യഥാർഥ കുറ്റവാളിയിലേയ്ക്കുളള അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന ആരോപണം നിലനിൽക്കെയാണ് ആഭ്യന്തരവകുപ്പിന്‍റെ അനാസ്ഥ.

സ്ഫോടക വസ്തുക്കൾ എറിഞ്ഞത് ആരാണെന്ന് കണ്ടെത്താൻ പൊലീസിന്‍റെ പ്രത്യേക സംഘം 23 ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് ഉയർന്ന എല്ലാ ആരോപണങ്ങളും നേരിടാൻ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമായി. രണ്ട് പ്രവൃത്തി ദിവസം കഴിഞ്ഞിട്ടും കേസന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചിട്ടില്ല.

കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. ഇതോടെ സർക്കാരിന്റെ അഭിമാനപ്രശ്നമായി കണ്ട കേസിന്‍റെ അന്വേഷണം മൂന്ന് ദിവസമായി സ്തംഭിച്ചിരിക്കുകയാണ്. സ്ഫോടക വസ്തുക്കൾ എറിഞ്ഞയാളെ സഹായിച്ചെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചതോടെ കേസന്വേഷണം വഴിമുട്ടിയെന്ന് ആരോപണമുണ്ട്.