അക്ഷയ്‌ കുമാറിന്റെ പരസ്യം സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നു; പുലിവാല് പിടിച്ച് ഗഡ്കരി

ന്യൂഡൽഹി: ആറ് എയർബാഗുകളുള്ള സുരക്ഷിതമായ കാറുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്ത നടൻ അക്ഷയ് കുമാറിന്‍റെ പരസ്യം സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിമർശനം. വിവാഹത്തിന് ശേഷം രണ്ട് എയർബാഗുകൾ മാത്രമുള്ള കാറിൽ മകളെ വരനൊപ്പം അയച്ചതിന് അക്ഷയ് കുമാർ വധുവിന്‍റെ പിതാവിനെ ശകാരിക്കുന്നതായി പരസ്യത്തിൽ കാണാം.

“6 എയർബാഗുകളുള്ള ഒരു വാഹനത്തിൽ യാത്ര ചെയ്യുക, നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കുക” എന്ന അടിക്കുറിപ്പോടെയാണ് നിതിൻ ഗഡ്കരി വീഡിയോ ട്വീറ്റ് ചെയ്തത്. എന്നാൽ വധുവിന്‍റെ പിതാവ് കാർ സമ്മാനിച്ചത് സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിമർശിക്കപ്പെട്ടു. ഗഡ്കരിയുടെ ട്വീറ്റിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

“ഇത് സ്ത്രീധനത്തിന്‍റെ പരസ്യമാണോ? നികുതിദായകരുടെ പണം സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു,” എന്ന് കർണാടക കോൺഗ്രസ് വക്താവ് ലാവണ്യ ബല്ലാൾ ആരോപിച്ചു. “സ്ത്രീധനത്തെ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ വെറുപ്പുളവാക്കുന്നു” എന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു.