സഹായം ചോദിച്ച പെൺകുട്ടിയെ വീട്ടിൽ പോയി സന്ദർശിച്ച് ആലപ്പുഴ കലക്ടർ

ആലപ്പുഴ: കലക്ടർ മാമന്‍റെ സഹായം തേടി സോഷ്യൽ മീഡിയയിൽ സന്ദേശം അയച്ച കൊച്ചുമിടുക്കിയുടെ പ്രശ്നം കേൾക്കാൻ ആലപ്പുഴ കലക്ടർ കൃഷ്ണ തേജ നേരിട്ടെത്തി. കലക്ടർ തന്നെയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. സെറിബ്രൽ പാൾസി ബാധിച്ച സഹോദരിക്ക് വേണ്ടിയാണ് മാരാരിക്കുളം സ്വദേശിനിയായ മീനാക്ഷി കലക്ടറോട് സഹായം അഭ്യർത്ഥിച്ചത്.

വീടിനടുത്ത് പ്രവർത്തിക്കുന്ന തടിമില്ലിൽ നിന്നുള്ള മലിനീകരണം സുഖമില്ലാതെ കിടക്കുന്ന ചേച്ചിക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോഴാണ് മീനാക്ഷി സഹായം തേടിയത്. 2019ൽ കൃഷ്ണ തേജ സബ് കലക്ടറായിരിക്കെ മീനാക്ഷിയും കുടുംബവും ഇതേ പരാതി നൽകിയിരുന്നു. അന്ന് മലിനീകരണ നിയന്ത്രണ ബോർഡിനും മാരാരിക്കുളം പഞ്ചായത്തിനും ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും കൃഷ്ണ തേജയെ സ്ഥലം മാറ്റിയ ശേഷം ഇക്കാര്യത്തിൽ തുടർനടപടിയുണ്ടായില്ല. ഇപ്പോൾ വീണ്ടും കലക്ടറായി ആലപ്പുഴയിൽ തിരിച്ചെത്തിയതോടെ മീനാക്ഷി വീണ്ടും സഹായം അഭ്യർത്ഥിച്ചു.

‘കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ഫെയ്സ്ബുക്കിൽ മെസേജായും കമന്റായും ഈ മോൾ ഒരു സഹായം ചോദിച്ചിരുന്നു. ഇന്ന് ഞാനീ മോളെ വീട്ടിൽ പോയി കണ്ടു. ഇവരുടെ ആവശ്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. ഇവരുടെ പ്രശ്ന പരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സബ് കലക്ടർക്ക് നിർദേശം നൽകി.’ –കലക്ടർ കുറിച്ചു.