‘മദ്യം നേര്‍പ്പിച്ച് കഴിക്കണം’; ലഹരി വിരുദ്ധ ക്യാമ്പയ്നിൽ മന്ത്രിയുടെ ഉപദേശം

ബല്‍റാംപൂര്‍: മദ്യം ജനങ്ങളെ ഒന്നിപ്പിക്കുമെന്നും അത് നിയന്ത്രിത അളവിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും ഉപദേശം നൽകി മന്ത്രി. ഛത്തീസ്ഗഢ് വിദ്യാഭ്യാസ മന്ത്രി പ്രേംസായ് സിംഗ് തേകത് ലഹരി വിമുക്തി യജ്ഞത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ‘നശമുക്തി അഭിയാൻ’ എന്ന പേരിൽ സംസ്ഥാന പൊലീസാണ് പരിപാടി സംഘടിപ്പിച്ചത്.

മിനിറ്റുകൾക്കകം മന്ത്രിയുടെ പ്രസംഗത്തിന്‍റെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു പരിപാടിയില്‍ പങ്കെടുത്തവരില്‍ ഏറേയും.

“ഞാൻ ഒരു യോഗത്തിൽ പങ്കെടുക്കുമ്പോൾ, മദ്യത്തിന്‍റെ ദൂഷ്യഫലങ്ങൾ ചൂണ്ടിക്കാട്ടി ഒരു വിഭാഗം അതിനെ എതിർത്തു, മറ്റൊരു വിഭാഗം അതിന്‍റെ ഗുണങ്ങൾ ചൂണ്ടിക്കാട്ടി അതിനെ പിന്തുണച്ചു. മദ്യം എല്ലാവരെയും ഒന്നിപ്പിക്കുന്നു. ആഘോഷങ്ങളില്‍ നമ്മള്‍ ചിലപ്പോള്‍ ഇത് ഉപയോഗിക്കാറുണ്ട് എന്നാണ് തേകം പറയുന്നത്.’ദാരു (മദ്യം) ‘ഡി’ എന്നാല്‍ ഡയല്യൂഷന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. നന്നായി നേര്‍പ്പിക്കണം. മദ്യം വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കാന്‍ കൃത്യമായ അനുപാതമുണ്ട്. കൂടിചേരലുകളില്‍ മദ്യം ഉപയോഗിക്കാമെങ്കിലും അതിന് അടിമപ്പെടരുതെന്നും” അദ്ദേഹം ഉപദേശിച്ചു.