രാജമൗലിയുടെ പുതിയ ചിത്രത്തിലും ആലിയ ഭട്ട് തന്നെ നായിക

‘ആർആർആർ’ എന്ന മെഗാഹിറ്റിന് ശേഷം എസ് എസ് രാജമൗലി തന്‍റെ അടുത്ത ചിത്രത്തിന്‍റെ ജോലികൾ ആരംഭിച്ചു. മഹേഷ് ബാബുവാണ് രാജമൗലിയുടെ പുതിയ നായകൻ. ‘എസ്എസ്എംബി 29’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

ആര്‍ആര്‍ആര്‍ എന്ന ചിത്രത്തില്‍ രാം ചരണിന്റെ ജോഡിയായി ‘സീത’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആലിയ ഭട്ട് ആയിരിക്കും രാജമൗലിയുടെ നായിക. രൺബീർ കപൂറും ആലിയ ഭട്ടും തങ്ങളുടെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണ്. കുഞ്ഞിന്‍റെ ജനനത്തിന് ശേഷം ആലിയ ഭട്ട് രാജമൗലിയുടെ ചിത്രത്തിൽ ജോയിൻ ചെയ്യും. അടുത്ത വർഷം പകുതിയോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് രാജമൗലി പദ്ധതിയിടുന്നത്.

ആലിയ ഭട്ട് അവസാനമായി അഭിനയിച്ചത് ‘ബ്രാഹ്മസ്ത്ര’യിലാണ്. അയാൻ മുഖര്‍ജി സംവിധാനം ചെയ്‍ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ ജോഡിയായി ‘ഇഷ’ എന്ന കഥാപാത്രമായിട്ടാണ് ആലിയ ഭട്ട് അഭിനയിച്ചിരിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ആദ്യ ആഴ്‍ച തന്നെ ചിത്രം ആഗോള കളക്ഷനില്‍ 300 കോടി പിന്നിട്ടിരുന്നു.