ഡിസംബർ 8ന് അന്യ​ഗ്രഹജീവികൾ ഭൂമിയിലെത്തും; പ്രവചനവുമായി സ്വയം പ്രഖ്യാപിത ടൈം ട്രാവലർ

യഥാർത്ഥത്തിൽ അന്യഗ്രഹജീവികൾ ഉണ്ടോ? ഇതൊക്കെ ആരുടെ സൃഷ്ടിയാണ്? ലോകമെമ്പാടുമുള്ള ആളുകൾ വളരെക്കാലമായി ചർച്ച ചെയ്യുന്ന വിഷയമാണിത്. എന്നാൽ കൃത്യമായ ഉത്തരം ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്യഗ്രഹജീവികൾ ഉണ്ടെന്നോ അവർ നമ്മുടെ നാട് സന്ദർശിക്കാറുണ്ടെന്നോ പറയാൻ കഴിയില്ല. എന്നാൽ, ലോകത്തിന്‍റെ പല ഭാഗങ്ങളിലും ടൈം ട്രാവലറാണെന്ന് സ്വയം സ്വയം അവകാശപ്പെടുന്ന നിരവധി ആളുകളുണ്ട്. 

ഇവരുടെ പ്രധാനപ്പെട്ട വിനോദം താൻ ഒരു ടൈം ട്രാവലറാണ് എന്ന് സ്വയം അവകാശപ്പെടുക, അതുമായി ബന്ധപ്പെട്ട വീഡിയോകൾ ടിക്ടോക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുക എന്നിവയൊക്കെയാണ്. അങ്ങനെയുള്ള ഒരാളുടെ വിചിത്രമായ വാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 

അന്യഗ്രഹജീവികൾ ഡിസംബർ 8 ന് ഭൂമിയിൽ എത്തുമെന്നാണ് അദ്ദേഹത്തിന്‍റെ വിചിത്രമായ അവകാശവാദം. ടിക് ടോക് ഉപയോക്താവായ എനോ അലറിക് താൻ ഒരു ടൈം ട്രാവലർ ആണെന്നാണ് അവകാശപ്പെടുന്നത്. അഞ്ച് പ്രവചനങ്ങളാണ് അലറിക് നടത്തിയിരിക്കുന്നത്. അതിലൊന്ന് ഡിസംബർ 8 ന് അന്യഗ്രഹജീവികൾ ഒരു വലിയ ബഹിരാകാശ പേടകത്തിൽ ഭൂമിയിലെത്തി മനുഷ്യരുമായി സംവദിക്കും എന്നതാണ്.