ഐഎസ് വനിതാ തീവ്രവാദികളുടെ നേതാവ് ആലിസൺ ഫ്ലൂക്ക്-എക്രെന് 20 വർഷത്തെ തടവ്
അമേരിക്ക: ഇസ്ലാമിക് സ്റ്റേറ്റിലെ ഒരു കൂട്ടം വനിതാ തീവ്രവാദി സംഘത്തെ നയിച്ചുവെന്ന് സമ്മതിച്ച യുഎസ് യുവതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചു. കൻസാസിൽ നിന്നുള്ള 42 കാരിയായ ആലിസൺ ഫ്ലൂക്ക്-എക്രെനാണ് കുറ്റം സമ്മതിച്ചത്. ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളിൽ കഴിഞ്ഞ എട്ട് വർഷമായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതായി ആലിസൺ സമ്മതിച്ചു.
ആയുധപരിശീലനം ഉൾപ്പെടെ നൂറിലധികം സ്ത്രീകൾക്ക് ആലിസൺ പരിശീലനം നൽകി. ഇതിൽ 10 വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. ജൂണിലാണ് കുറ്റം സമ്മതിച്ചത്. അവർ ചെയ്ത കുറ്റങ്ങൾക്ക് നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷ പര്യാപ്തമല്ലെങ്കിൽ, അതിനനുസരിച്ച് ശിക്ഷിക്കപ്പെടണമെന്ന് ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നാൽ, യുദ്ധത്തിൽ തകർന്ന സിറിയയിലെ അനുഭവങ്ങൾ ആലിസണിന് വേദനാജനകമാണെന്നും അതിനാൽ ശിക്ഷ കുറയ്ക്കണമെന്നും പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടു.
കോടതി രേഖകൾ പ്രകാരം, മുൻ അധ്യാപികയായ ആലിസൺ കൻസാസിലെ ഓവർബ്രൂക്കിലാണ് വളർന്നത്. പിന്നീട് ഐഎസിൽ ചേരുകയും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മുൻ കാലങ്ങളിൽ നിരവധി സ്ത്രീകൾ ഐഎസിന്‍റെ ഭാഗമായിരുന്നു. അവരിൽ ചിലർ ഐഎസിനു വേണ്ടി പ്രവർത്തിച്ചു, ചിലർ പിന്നിൽ നിന്ന് പ്രവർത്തിച്ചു. ഐ.എസ് തീവ്രവാദ ഗ്രൂപ്പിന്‍റെ നേതൃത്വത്തിലേക്ക് ഉയർന്ന വനിത എന്ന നിലയിൽ ആലിസന്‍റെ കേസ് വളരെ അപൂർവമാണ്.