കൊച്ചിയിലെ കൊലപാതകങ്ങളെല്ലാം യാദൃശ്ചികമെന്ന് പൊലീസ്
കൊച്ചി: കൊച്ചിയിലെ കൊലപാതക പരമ്പരകളില്‍ ന്യായീകരണവുമായി കൊച്ചി സിറ്റി പൊലീസ്. പൊലീസിന്‍റെ അനാസ്ഥ മൂലമല്ല ഒന്നും സംഭവിച്ചതെന്നാണ് സിറ്റി പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
പ്രധാന ഭാഗങ്ങൾ ഇങ്ങനെ:
കൊച്ചി സിറ്റി പോലീസ് പരിധിയിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ നടന്ന ഏഴ് കൊലപാതകങ്ങളിൽ ഒന്നും ഗുണ്ടകള്‍ ചെയ്തിട്ടുള്ളതോ സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമോ ആയിരുന്നില്ല. ഈ കൊലപാതകങ്ങളെല്ലാം യാദൃശ്ചികമായി പെട്ടെന്നുണ്ടായ ക്ഷോഭം മൂലം ഉണ്ടായവയാണ്. നടന്ന കുറ്റകൃത്യങ്ങൾ പരിശോധിക്കുമ്പോള്‍, അവയിൽ പലതും വ്യക്തിപരമോ കുടുംബപരമോ ആയ കാരണങ്ങളുള്ള കേസുകളാണ്. ഒരു കേസിൽ മാത്രമാണ് പ്രതി നേരത്തെ കുറ്റകൃത്യത്തിൽ പ്രതിയായിരുന്നത്. ഒരു കൊലപാതകം ഒഴികെ എല്ലാ കേസുകളിലും പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി വിവിധ തരത്തിലുള്ള പട്രോളിംഗ് രാത്രിയിൽ ഊർജിതമാക്കിയിട്ടുണ്ട്, റെയ്ഡുകളും പരിശോധനകളും തുടര്‍ന്നു വരുന്നതുമാണ്.