ഗവർണർ സ്വീകരിച്ച എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി
കാസർകോട്: ഗവർണർ സ്വീകരിച്ച എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സർവകലാശാല വിഷയത്തിൽ വ്യത്യസ്തമായ നിലപാടാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രതിപക്ഷം ജനാധിപത്യ രീതിയിൽ സഭയ്ക്കകത്തും പുറത്തും പ്രതിഷേധിക്കുമെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർക്കെതിരായ നിലപാടിനെച്ചൊല്ലി യു.ഡി.എഫിൽ ഭിന്നതയുണ്ടെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പരാമർശം.
ഇന്നലെ പാലക്കാട് നടന്ന വാർത്താസമ്മേളനത്തിൽ മുസ്ലിം ലീഗിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്. ഗവർണറുടെ അജണ്ട മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെങ്കിലും മുസ്ലിം ലീഗിന് അതിന് കഴിയുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സർവകലാശാല വിഷയത്തിൽ പ്രതികരിച്ച ലീഗ് നേതാവ് പി.എം.എ സലാം സർക്കാരിനെ കുറ്റപ്പെടുത്തുകയും ഗവർണർക്കെതിരെ രൂക്ഷവിമർശനം നടത്തുകയും ചെയ്തു.
വൈസ് ചാൻസലർമാർക്കെതിരെ കടുത്ത നിലപാടുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ട് പോകുമ്പോൾ, ഗവർണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തിക്കാട്ടി പ്രതിരോധം തീർക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന പ്രചരണത്തിന് ന്യൂനപക്ഷ പിന്തുണ ലഭിക്കുമെന്നും സിപിഎം കരുതുന്നു.