ഇ.പിക്കെതിരായ ആരോപണം; കുഞ്ഞാലിക്കുട്ടിയെ തള്ളി കെപിഎ മജീദ്
കോഴിക്കോട്: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി സ്വീകരിച്ച നിലപാട് തള്ളി മുസ്ലിം ലീഗ് എം.എൽ.എയും പാർട്ടി മുൻ ജനറൽ സെക്രട്ടറിയുമായ കെപിഎ മജീദ്. ഈ അനീതിക്കെതിരെ ശബ്ദമുയർത്തണമെന്നും മജീദ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ആരോപണം. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജനാണ് പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചത്.
പി ജയരാജൻ ഉന്നയിച്ച ആരോപണം സി.പി.എമ്മിന്റെ ആഭ്യന്തര വിഷയമാണെന്നും മുസ്ലിം ലീഗ് അതിൽ അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ റിസോർട്ട് നിർമ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം വേണമെന്നും കെപിഎ മജീദ് ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിൽ ലീഗിലെ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്.