ഇപിക്കെതിരായ ആരോപണം; പുറത്തുവന്നത് അഴിമതിയുടെ ഒരംശം മാത്രമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ ആരോപണങ്ങൾ പാർട്ടിയിലെ ആഭ്യന്തര തർക്കം മാത്രമല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണമാണിത്. ഇപി മന്ത്രിയായിരിക്കെ നടത്തിയ അഴിമതിയുടെ ഒരംശം മാത്രമാണ് പുറത്തുവന്നത് .ഇപി ജയരാജൻ്റേത് മാത്രമല്ല ഇതിനപ്പുറം നീളാവുന്ന അഴിമതിക്കാരുടെ പട്ടിക പുറത്തുവരും.

പി ജയരാജനുമായി സംസാരിച്ച് പ്രശ്നം ഒതുക്കിത്തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ല. ഇത് പാർട്ടി അന്വേഷിക്കേണ്ട കാര്യമല്ല. അത് കണ്ടില്ലെന്ന് നടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കിൽ അത് മുഖ്യമന്ത്രിക്ക് ഭയം ഉള്ളതുകൊണ്ടാണ്.

ഇ.പിക്കെതിരായ ആരോപണങ്ങളിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണം. എന്തുകൊണ്ടാണ് ഏജൻസികൾ അന്വേഷിക്കാത്തത്. ഇ.പി.യുടെ ഭാര്യ പ്രാദേശിക സഹകരണ സംഘത്തിൽ നിന്ന് പിരിഞ്ഞപ്പോൾ 69 ലക്ഷം രൂപ കിട്ടിയെന്നത് വിശ്വസനീയമല്ല. മുൻ മന്ത്രിക്കെതിരെ ആരോപണം വരുമ്പോൾ അന്വേഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.