ജയരാജനെതിരായ ആരോപണം: സിപിഎമ്മിലെ ജീർണത പുറത്തുവരുകയാണെന്ന് വി.ഡി സതീശന്‍

തൃശൂര്‍: ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതാക്കളും മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

നേതാക്കള്‍ക്കെതിരായ റിസോര്‍ട്ട്, കള്ളപ്പണം വെളുപ്പിക്കല്‍, കൊട്ടേഷന്‍ വിവാദങ്ങളിലൂടെ സി.പി.എമ്മിലെ ജീർണത പുറത്തുവരുകയാണെന്നും സതീശൻ പറഞ്ഞു. ആരോപണങ്ങളോട് അവർ പ്രതികരിക്കുന്നില്ലെന്ന് മാത്രമല്ല, അവ നിഷേധിക്കാനും തയ്യാറായിട്ടില്ല. അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ ആറ് വർഷമായി സി.പി.എമ്മിൽ തുടരുന്ന ജീർണതയാണ് ഇപ്പോൾ വെളിച്ചത്ത് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ മന്ത്രിയായിരുന്ന നേതാവ് അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ചാണ് റിസോർട്ട് നിർമ്മിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നും ഉള്ള ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മറ്റൊരു നേതാവിന് സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് മറ്റൊരു സംഘത്തിന്‍റെ വാദം. എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാക്കളുടെ വിക്രിയകള്‍ പുറത്തു വന്നതിന് പിന്നാലെ അത് ഏരിയാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കടന്ന് ഇപ്പോൾ കേന്ദ്രകമ്മിറ്റിയിൽ എത്തിയിരിക്കുകയാണെന്നും സതീശൻ വിമർശിച്ചു.