കോപ്പിയടി ആരോപണം; പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം, അന്വേഷണം അട്ടിമറിക്കുന്നതായി കുടുംബം
മലപ്പുറം: മലപ്പുറത്ത് ആത്മഹത്യ ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിയുടെ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് കുടുംബം. മേലാറ്റൂർ സ്വദേശികളായ വിജയന്‍റെയും ബിനിലയുടെയും മകൾ ആദിത്യയെ കഴിഞ്ഞ വർഷമാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എസ്.എസ്.എൽ.സി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക കുട്ടിയെ അപമാനിച്ചതാണ് മരണകാരണമെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 15നാണ് മേലാറ്റൂർ ആർഎം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആദിത്യ വീടിന്‍റെ മുകൾ നിലയിലെ മുറിയിൽ തൂങ്ങിമരിച്ചത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക തന്നെ ശകാരിച്ചതായി ആദിത്യ സഹോദരിയോട് പറഞ്ഞിരുന്നു. ഇതേതുടർന്നാണ് 14 കാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത്. സ്കൂളിലെ പരീക്ഷ ചുമതലയുള്ള അധ്യാപികയായ ശ്രീലതയാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം തുടക്കം മുതലേ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മേലാറ്റൂർ പൊലീസിൽ പരാതിയും നൽകി. എന്നാൽ അധ്യാപക സംഘടന ഇടപെട്ട് പരാതി അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് കുട്ടിയുടെ അമ്മ ബിനില പറഞ്ഞു.