എൽദോസ് കുന്നപ്പിള്ളിക്കൊപ്പം പിഎ, ഡ്രൈവർ എന്നിവരെയും ചോദ്യംചെയ്യുന്നു

തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. എം.എൽ.എയ്ക്കൊപ്പം പ്രൈവറ്റ് അസിസ്റ്റന്‍റിനെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് കൊണ്ടുപോയി അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. പി എ ഡാനി പോൾ, ഡ്രൈവർ അഭിജിത്ത് എന്നിവരെ ചോദ്യം ചെയ്തു വരികയാണ്. തിരുവനന്തപുരത്തെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് നടപടികൾ പുരോഗമിക്കുന്നത്.

ഇരുവരുടെയും സാന്നിധ്യത്തിലാണ് പരാതിക്കാരിയായ യുവതിയെ കോവളത്ത് ആക്രമിച്ചതെന്നും ഗസ്റ്റ് ഹൗസുകളിൽ മുറിയെടുക്കുമ്പോൾ ഇവർ സ്ഥലത്തുണ്ടായിരുന്നെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കോവളത്ത് യുവതിയെ ആക്രമിച്ചപ്പോൾ പി.എയ്ക്കും പരിക്കേറ്റതായി യുവതി മൊഴി നൽകിയിട്ടുണ്ട്. ഇത് സത്യമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പി.എ ഡാനി പോളിനെയും എം.എൽ.എ ആക്രമിച്ചതായാണ് വിവരം. ഇക്കാര്യം അന്വേഷിക്കാനാണ് ഇരുവരെയും വിളിച്ചുവരുത്തിയത്.
 
മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് എൽദോസ് കുന്നപ്പിള്ളി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. കേസിൽ മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും ഇന്ന് 9 മണിക്ക് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. രാവിലെ ഹാജരായ എൽദോസ് ഫോൺ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. പാസ്പോർട്ടും കോടതിയിൽ ഹാജരാക്കി. എം.എൽ.എയെ ഇന്ന് മുതൽ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ 10 ദിവസത്തേക്ക് ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി. ചോദ്യം ചെയ്യലിന് ശേഷം എൽദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും. ആവശ്യമെങ്കിൽ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിക്കാരി മൊഴി നൽകിയ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്.