കെഎസ്‍യുവിന്റെ പുതിയ അധ്യക്ഷനായി അലോഷ്യസ് സേവ്യര്‍

ഡൽഹി: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരള സ്റ്റുഡന്‍റ്സ് യൂണിയന് പുതിയ നേതൃത്വം ലഭിച്ചിരിക്കുകയാണ്. അലോഷ്യസ് സേവ്യർ ആണ് കെ‍എസ്‍യുവിൻ്റെ പുതിയ സംസ്ഥാന പ്രസിഡന്‍റ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരെയും സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായി നിയമിച്ചു. കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞ മുൻ സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെ എൻ.എസ്.യു.ഐ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു.

കെഎസ്‌യു വാരികയായ കലാശാലയുടെ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് അഭിജിത്ത് കെഎസ്‌യു പ്രസിഡന്‍റ് സ്ഥാനം രാജി വച്ചത്. 2017ൽ പുനഃസംഘടനയിലൂടെയാണ് അഭിജിത്ത് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റായത്. അഭിജിത്തിന് രണ്ട് വർഷത്തിലേറെ കാലാവധിയുണ്ടായിരുന്നെങ്കിലും അഞ്ച് വർഷത്തിലേറെയായി ആ പദവിയിൽ തുടർന്നു. 

പുനഃസംഘടന അനിശ്ചിതമായി നീളുന്നതിൽ സംഘടനയ്ക്കുള്ളിൽ വലിയ പ്രതിഷേധവും ഉയർന്നിരുന്നു. ഒടുവിൽ അഭിജിത്തിന്‍റെ രാജി പ്രഖ്യാപനത്തോടെ പുനഃസംഘടനയില്ലാതെ ഒരു വഴിയുമില്ലായിരുന്നു. കെഎസ്‌യുവിന്‍റെ പുനഃസംഘടന സംബന്ധിച്ച് കഴിഞ്ഞ ഏതാനും ആഴ്ചകളായി കെപിസിസി തലത്തിൽ ചർച്ചകൾ നടന്നുവരികയായിരുന്നു.