അമലാ പോളിന്റെ ‘ദി ടീച്ചർ’ റിലീസിന്; ഡിസംബർ 2 ന് തീയറ്ററുകളിൽ എത്തും

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അമലാ പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രമാണ് ‘ദി ടീച്ചർ’. അമലാ പോളിന്‍റെ ജന്മദിനമായ ബുധനാഴ്ചയാണ് ചിത്രത്തിന്‍റെ സ്പെഷ്യൽ പോസ്റ്ററും റിലീസ് തീയതിയും പ്രഖ്യാപിച്ചത്. ഡിസംബർ രണ്ടിന് ചിത്രം തീയറ്ററുകളിലെത്തും.

‘അതിരൻ’ എന്ന ചിത്രം സംവിധാനം ചെയ്ത വിവേക് ആണ് ടീച്ചർ സംവിധാനം ചെയ്യുന്നത്. വിടിവി ഫിലിംസ് നിർമ്മിക്കുന്ന ചിത്രം നട്ട് മഗ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. സെഞ്ച്വറി ഫിലിംസാണ് വിതരണം.

പി വി ഷാജി കുമാറും വിവേകും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ, അനു മോൾ, മാലാ പാർവതി, വിനീത കോശി തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം അനു മൂത്തേടത്താണ്. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ഡോൺ വിൻസെന്‍റാണ്.