അമർനാഥ് പ്രളയ കാരണം മേഘവിസ്ഫോടനമല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
അമർനാഥ്: അമർനാഥ് പ്രളയത്തിനു കാരണം മേഘവിസ്ഫോടനമല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. കാണാതായ 40 പേർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്, സൈന്യം, എൻഡിആർഎഫ്, എസ്എഡിആർഎഫ്, ബിഎസ്എഫ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ തീർത്ഥാടനം പുനരാരംഭിക്കുമെന്ന് സിആർപിഎഫ് അറിയിച്ചു.
അമർനാഥ് വെള്ളപ്പൊക്കം മേഘവിസ്ഫോടനം മൂലമല്ല, മറിച്ച് മലനിരകളിലെ കനത്ത മഴ മൂലമാണെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു. പ്രദേശത്ത് കനത്ത മഴ തുടരുമ്പോഴും രക്ഷാപ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. ദുരന്തമേഖലയിൽ നിന്ന് 15,000 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
തകർന്ന റോഡ് പുനർനിർമിക്കുന്നതിനുള്ള ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പരിക്കേറ്റ 65 തീർത്ഥാടകരെ സൈന്യത്തിന്‍റെയും ബിഎസ്എഫിന്‍റെയും ഹെലികോപ്റ്ററുകളിൽ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അമർനാഥ് ക്ഷേത്രം അധികൃതർ അറിയിച്ചു. ഇതുവരെ 35 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.