ആമസോണും ഫ്ലിപ്കാര്‍ട്ടും ഒ.എന്‍.ഡി.സിക്ക് കീഴിലാകുമെന്ന് സൂചന

ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള വൻകിട ഇ-കൊമേഴ്സ് കമ്പനികൾ ഉടൻ ഒ.എൻ.ഡി.സിയുമായി (ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്) കൈകോർക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്‍റേണൽ ട്രേഡ് വകുപ്പ് സെക്രട്ടറി അനുരാഗ് ജെയിൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ കൊമേഴ്സിനായുള്ള ഒ.എൻ.ഡി.സി ഇ-കൊമേഴ്സ് ഇടത്തെ ജനാധിപത്യവത്കരിക്കും. ചെറുകിട ബിസിനസുകാർക്കും ചില്ലറ വിൽപ്പനക്കാർക്കും നേട്ടങ്ങൾ കൊയ്യാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, ഒ.എൻ.ഡി.സി ശൃംഖല പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുമ്പ് ഇതിനായി ഒരു നിശ്ചിത എണ്ണം ആളുകൾ ആവശ്യമാണെന്നും മറ്റ് ചില തയ്യാറെടുപ്പുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “അടുത്ത 4-8 ആഴ്ചകളിൽ, ഫാഷൻ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ബ്യൂട്ടി, വ്യക്തിഗത ഉൽപ്പന്നങ്ങൾ തുടങ്ങിയ പുതിയ വിഭാഗങ്ങൾ ഒ.എൻ.ഡി.സി നെറ്റ്‌വർക്കിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഇത് ശൃംഖലയിലെ സെറ്റിൽമെന്‍റുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കും. ഇതിനായി, ഡിജിറ്റൽ കരാറുകളിലും സേവനതല കരാറുകളിലും നിർവചിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ ഇടപാടുകൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജനുവരിയോടെ ഈ സംവിധാനം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒ.എൻ.ഡി.സി അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ നെറ്റ്‌വർക്കിലെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കമ്പനി ഫീസ് ഈടാക്കാൻ തുടങ്ങുമെന്നും ഒ.എൻ.ഡി.സി സിഇഒ ടി കോശി പറഞ്ഞു. എന്നാൽ ഫീസ് എത്രയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.