ആമസോൺ കഴിഞ്ഞ മാസങ്ങളിൽ പിരിച്ചുവിട്ടത് ഒരു ലക്ഷം ജീവനക്കാരെ

വാഷിങ്ടൺ: ജെഫ് ബെസോസിന്‍റെ ഉടമസ്ഥതയിലുള്ള ആമസോൺ കഴിഞ്ഞ മാസങ്ങളിൽ പിരിച്ചുവിട്ടത് ഒരു ലക്ഷം ജീവനക്കാരെ. ആമസോൺ ജൂൺ പാദ റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. ആമസോൺ അതിന്‍റെ മൊത്തം തൊഴിലാളികളുടെ 6 ശതമാനം പേരെയാണ് പിരിച്ചുവിട്ടത്. ഒരു പാദത്തിൽ ഇതാദ്യമായാണ് ആമസോൺ ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടുന്നത്.

സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ജീവനക്കാരെ പിരിച്ചുവിടുന്നത് ആമസോൺ മാത്രമല്ല. മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ്, ഷോപ്പിഫൈ തുടങ്ങിയ ടെക് കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിട്ടു. ഗൂഗിൾ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെങ്കിലും റിക്രൂട്ട്മെന്‍റിന്‍റെ വേഗത മന്ദഗതിയിലാക്കി.

ജൂൺ അവസാനത്തോടെ, കമ്പനിക്ക് 1,523,000 ജീവനക്കാരുണ്ടെന്ന് ആമസോൺ അറിയിച്ചു. ഇതിൽ കരാർ ജീവനക്കാരും പാർട്ട് ടൈം ജീവനക്കാരും ഉൾപ്പെടുന്നില്ല. മാർച്ച് അവസാനത്തോടെ 1,622,000 ജീവനക്കാരുണ്ടായിരുന്നു. ജീവനക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് കൂട്ട പിരിച്ചുവിടലിന് കാരണമെന്ന് ആമസോൺ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ബ്രയാൻ ഒലസാവസ്കി പറഞ്ഞു. നിരവധി ജീവനക്കാർ അവധി കഴിഞ്ഞ് മടങ്ങിയെത്തിയതിനാൽ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം വർധിച്ചുവെന്നാണ് ആമസോണിന്റെ വാദം.