20,000 പേരെ പിരിച്ച് വിടാന്‍ ആമസോണ്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ടെക് ഭീമനായ ആമസോൺ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 20,000 ജീവനക്കാരെ പിരിച്ച് വിടാനാണ് കമ്പനി പദ്ധതിയിടുന്നത്.

ആമസോൺ 10,000 ജീവനക്കാരെ പിരിച്ച് വിടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടി ആളുകൾക്ക് ജോലി നഷ്ടപ്പെടും. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ, ടെക്നിക്കൽ സ്റ്റാഫ്, മുതിർന്ന ഉദ്യോഗസ്ഥർ മുതലായവരെ പിരിച്ചുവിടൽ ബാധിക്കുമെന്നാണ് വിവരം. വരും മാസങ്ങളിൽ കമ്പനി പിരിച്ചുവിടൽ നടപ്പാക്കും.

ആമസോൺ സിഇഒ ആൻഡി ജാസി നേരത്തെ തന്നെ വിവിധ വകുപ്പുകളിലെ ജീവനക്കാരെ പിരിച്ച് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, പിരിച്ച് വിടൽ എത്ര പേരെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല.