അംബാനി സലൂണ്‍ ബിസിനസിലേക്ക്; നാച്ചുറൽസിൽ നിക്ഷേപം നടത്താന്‍ റിലയന്‍സ്

മുംബൈ: റിലയൻസ് റീട്ടെയിൽ രാജ്യത്തെ സലൂൺ ബിസിനസ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്‍റെ ഭാഗമായി പ്രമുഖ സലൂൺ ആൻഡ് സ്പാ കമ്പനിയായ നാച്ചുറൽസിന്‍റെ 49 ശതമാനം ഓഹരികൾ റിലയൻസ് വാങ്ങാൻ സാധ്യതയുണ്ട്. കേരളത്തിൽ നിരവധി ശാഖകളുള്ള ഒരു കമ്പനിയാണ് നാച്ചുറൽസ്. ചെന്നൈ ആസ്ഥാനമായുള്ള ഗ്രൂം ഇന്ത്യ സലൂൺസ് ആൻഡ് സ്പായുടെ ഉടമസ്ഥതയിലുള്ളതാണ് നാച്ചുറൽസ്.

നാച്ചുറൽസിന് രാജ്യത്തുടനീളം ഏകദേശം 700 ശാഖകളുണ്ട്. ഇടപാട് പൂർത്തിയായ ശേഷം നാച്ചുറൽസ് ഔട്ട്ലെറ്റുകളുടെ എണ്ണം 4-5 മടങ്ങ് വർദ്ധിപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. അതേസമയം, നാച്ചുറൽസിന്‍റെ പ്രവർത്തനങ്ങൾ നിലവിലെ പ്രൊമോട്ടർമാരായ ഗ്രൂം ഇന്ത്യ നിയന്ത്രിക്കും. എന്നിരുന്നാലും, നാച്ചുറല്‍സിലെ നിക്ഷേപം സംബന്ധിച്ച് റിലയൻസ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഉൾപ്പെടുന്ന ഇന്ത്യൻ സലൂൺ വിപണിയുടെ മൂല്യം ഏകദേശം 20,000 കോടി രൂപയാണ്. നാച്ചുറൽസിലൂടെ ഈ വിപണിയുടെ വലിയൊരു പങ്കാണ് റിലയൻസ് ലക്ഷ്യമിടുന്നത്. സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്കായി റിലയൻസ് പ്രത്യേക സ്റ്റോറുകൾ തുറക്കാനും സാധ്യതയുണ്ട്. ഇൻസൈറ്റ് കോസ്മെറ്റിക്സ് ഉടമയായ മയൂരി കുങ്കും ലിമിറ്റഡിന്‍റെ ഭൂരിഭാഗം ഓഹരികളും റിലയൻസ് റീട്ടെയിൽ അടുത്തിടെ സ്വന്തമാക്കിയിരുന്നു.