മെട്രോ എജിയുടെ ഇന്ത്യ ബിസിനസ്സ് ഏറ്റെടുത്ത് അംബാനിയുടെ റിലയൻസ്
മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ജർമ്മൻ കമ്പനിയായ മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്തവ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. റീട്ടെയിൽ മേഖലയിൽ ആധിപത്യം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന റിലയൻസ് 850 കോടി രൂപയ്ക്കാണ് മെട്രോ എജിയെ സ്വന്തമാക്കുന്നത്.
റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് മെട്രോ ക്യാഷിൽ 100 ശതമാനം ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവെച്ചു. ഈ ഏറ്റെടുക്കലോടെ, റിലയൻസ് റീട്ടെയിലിന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ സ്ഥിതിചെയ്യുന്ന മെട്രോ ഇന്ത്യ സ്റ്റോറുകളുടെ ശൃംഖലയിലേക്ക് പ്രവേശനം ലഭ്യമാകും.
കരാർ നിയന്ത്രണങ്ങൾക്കും മറ്റ് നിബന്ധനകൾക്കും വിധേയമാണെന്നും 2023 മാർച്ചോടെ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അറിയിച്ചു. വിതരണ ശൃംഖലകളിലെയും സാങ്കേതിക പ്ലാറ്റ് ഫോമുകളിലെയും സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും മെച്ചപ്പെട്ട സേവനം നൽകാനുള്ള കമ്പനിയുടെ കഴിവ് മെട്രോ എജി ഏറ്റെടുക്കുന്നതിലൂടെ കൂടുതൽ ശക്തിപ്പെടും.