റേഷൻ കമ്മീഷനിലെ അവ്യക്തത; അനിശ്ചിത കാല സമരവുമായി വ്യാപാര സംഘടനകൾ

തിരുവനന്തപുരം: സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് റേഷൻ കടകൾ സംസ്ഥാന വ്യാപകമായി അടച്ചിടാനൊരുങ്ങി വ്യാപാര സംഘടനകൾ. സർക്കാർ റേഷൻ കമ്മീഷൻ പൂർണമായി നൽകാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ കടകൾ അനിശ്ചിതമായി അടച്ചിടാനാണ് തീരുമാനം. ഇടത് അനുകൂല സംഘടനകളും സമരത്തിന്റെ ഭാഗമാകും. നാളെ സർക്കാരിന് പണിമുടക്ക് നോട്ടീസ് നൽകുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചു. പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് റേഷൻ വ്യാപാരികൾ പണിമുടക്കുന്നത്.

കഴിഞ്ഞ മാസത്തിലെ റേഷൻ കമ്മീഷൻ തുകയുടെ 49 ശതമാനം മാത്രമേ ഇപ്പോൾ നൽകാൻ സാധിക്കൂ എന്ന സർക്കാർ നിലപാടാണ് സമരത്തിന് കാരണം. റേഷൻ കുടിശിക സംബന്ധിച്ച് സർ‌ക്കാർ പുറത്തിറക്കിയ ഉത്തരവിൽ കുടിശ്ശിക എന്ന് നൽകി തീർക്കുമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നില്ല. തുടർന്നാണ് ഇടത് അനുകൂല സംഘടനകളടക്കം യോഗം ചേർന്ന് സമരാഹ്വാനം നടത്തിയത്.