ബഫർ സോണിൽ അവ്യക്തത; ജനജാഗ്രതാ യാത്ര സംഘടിപ്പിക്കാൻ കർഷക സംഘടനകള്‍
തിരുവനന്തപുരം: ബഫർ സോൺ ആശങ്കയിൽ കർഷക സംഘടനകൾ ‘ജനജാഗ്രതാ യാത്ര’ നടത്തുന്നു. കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്‍റെ (കെസിബിസി) പിന്തുണയോടെ 61 കർഷക സംഘടനകൾ യാത്ര നടത്തും. താമരശ്ശേരി ബിഷപ്പ് യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അതേസമയം, കണ്ണൂർ കണ്ടപുനത്തെ വനംവകുപ്പ് ഓഫീസിന് മുന്നിൽ ബഫർ സോൺ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് കത്തിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് പ്രതിഷേധിച്ചു. സർവേ റിപ്പോർട്ട് അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ബഫർ സോൺ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിലെ അവ്യക്തത കോടതി വിധികളിലൂടെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സർക്കാരിന്റെ തന്ത്രങ്ങളുടെ തുടക്കമാണെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ആരോപിച്ചു. സംസ്ഥാനത്തെ 115 പഞ്ചായത്തുകളിലെ 1,000 കേന്ദ്രങ്ങളിൽ റിപ്പോർട്ട് കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കും. അവ്യക്തമായ ഭൂപടവും റിപ്പോർട്ടും പുറത്തിറക്കിയത് ബഫർ സോണിനെക്കുറിച്ചുള്ള വസ്തുതകൾ ജനങ്ങൾ ശരിയായി തിരിച്ചറിയാതിരിക്കാനാണെന്ന് കിസാൻ മഹാസംഘ് ആരോപിച്ചു. ഫീൽഡ് സർവേ നടത്തി റിപ്പോർട്ട് തയ്യാറാക്കണമെന്നും കിസാൻ മഹാസംഘ് ആവശ്യപ്പെട്ടു.
അതേസമയം വയനാട് നൂൽപ്പുഴ പഞ്ചായത്തിലെ ജനസാന്ദ്രതയേറിയ നാല് വാർഡുകൾ ബഫർസോൺ സാറ്റലൈറ്റ് സർവേയിൽ വനഭൂമിയായി രേഖപ്പെടുത്തിയതായി പരാതി ഉയർന്നിട്ടുണ്ട്. ജനവാസ മേഖലയിലേക്കുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. നൂൽപ്പുഴയിലെ ജനസംഖ്യയുടെ 40 ശതമാനവും ആദിവാസികളാണ്.