സഭയില്‍ പെഗാസസ് വിഷയം ഉയര്‍ത്തിയ കോണ്‍ഗ്രസ് എം.പിക്കെതിരെ ക്ഷുഭിതനായി അമിത് ഷാ

ന്യൂഡല്‍ഹി: ലോക്സഭയിൽ കോണ്‍ഗ്രസ് എംപിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പെഗാസസ് വിഷയം ലോക്സഭയിൽ ഉന്നയിച്ചതാണ് അമിത് ഷായെ ചൊടിപ്പിച്ചത്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനുള്ള വേദിയല്ല സഭയെന്ന് ക്ഷുഭിതനായ അമിത് ഷാ പ്രതികരിച്ചു.

പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് രാഷ്ട്രീയക്കാരെയും എംപിമാരെയും മാധ്യമപ്രവർത്തകരെയും കേന്ദ്ര സർക്കാർ നിരീക്ഷിച്ചിട്ടുണ്ടെന്നും പെഗാസസ് ഉപയോഗിച്ച് എത്ര മയക്കുമരുന്ന് കേസുകൾ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്തുവെന്ന് വ്യക്തമാക്കണമെന്ന ഗൗരവിന്‍റെ പരാമർശത്തിന് മറുപടിയായാണ് അമിത് ഷായുടെ പരാമർശം.

ഒരു തെളിവുമില്ലാതെ വളരെ ഗുരുതരമായ ആരോപണമാണ് അംഗം ഉന്നയിച്ചിരിക്കുന്നത്. അംഗത്തിന്‍റെ മൊബൈൽ ഫോണിൽ പെഗാസസ് സ്ഥാപിച്ചെന്നാണ് ആരോപണം. “പുനർവിചിന്തനം നടത്താതെ രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല പാർലമെന്‍റ്. വ്യക്തമായ തെളിവുകൾ സഹിതം സഭയിൽ ആരോപണങ്ങൾ ഉന്നയിക്കണം. അംഗങ്ങൾക്കും നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുള്ള നിരീക്ഷണത്തിന്‍റെ തെളിവുകൾ സർക്കാർ നൽകണമെന്നും” അമിത് ഷാ ആവശ്യപ്പെട്ടു.