അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ

ഇന്ത്യൻ സിനിമയുടെ ഷെഹൻഷാ അമിതാഭ് ബച്ചൻ ഇന്ന് എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ്. 80-ാം വയസ്സിലും സൂപ്പർ മെഗാ സ്റ്റാർതാരപദവിയിൽ തുടരുകയാണ് അമിതാഭ് ബച്ചൻ. ജീവിതത്തോടും കലയോടുമുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശവും സ്വയം നവീകരണവുമാണ് അമിതാഭ് ബച്ചനെ ഇന്ത്യൻ സിനിമയുടെ ഇതിഹാസമാക്കി മാറ്റുന്നത്. 

ആകാശവാണി തനിക്ക് ശബ്ദസൗകുമാര്യം ഇല്ലെന്ന് പറഞ്ഞ് തിരിച്ചയച്ച അമിതാഭ് ശ്രീവാസ്തവ ബച്ചൻ എന്ന ചെറുപ്പക്കാരൻ അതേ ശബ്ദത്തിന്‍റെ പരിശുദ്ധിയും ഗാംഭീര്യവും ഉപയോഗിച്ച് ഇന്ത്യൻ സിനിമയുടെ ചക്രവർത്തിയുടെ കസേരയിലേക്കുള്ള ആദ്യ ചുവട് വെച്ചു. കവി ഹരിവംശ് റായ് ബച്ചന്‍റെയും സാമൂഹിക പ്രവർത്തക തേജി ബച്ചന്റെയും മൂത്തമകനാണ് അമിതാഭ് ബച്ചൻ.

ആദ്യ സിനിമാ വേഷം മൃണാൾ സെന്നിന്‍റെ വിഖ്യാതമായ ‘ഭുവൻ ഷോ’മിന്‍റെ ആഖ്യാതാവായിട്ട്. കഥാപാത്രമായുള്ള അരങ്ങേറ്റം കെ എ അബ്ബാസിന്‍റെ ‘സാത് ഹിന്ദുസ്താനി’യിൽ. ഉത്പൽ ദത്ത്, മധു, അൻവർ അലി, ജലാൽ ആഗ തുടങ്ങിയ പ്രമുഖർക്കൊപ്പം തുടക്കക്കാരന്‍റെ ആകുലതകളില്ലാതെ അമിതാഭ് അഭിനയിച്ചു. മെലിഞ്ഞ് കൊലുന്നനെ നീണ്ട പുതിയ നടൻ പ്രേക്ഷക പ്രിയം നേടുന്നത് ഹൃഷികേശ് മുഖർജിയുടെ ‘ആനന്ദി’ൽ.

ഷോലെ, നമക് ഹരം, അമർ അക്ബർ ആന്റണി, കഭീ കഭീ, അഭിമാൻ, മജ്ബൂർ, ചുപ്കെ ചുപ്കെ, ദീവാർ, മിസ്റ്റർ നടവ്ർ ലാൽ അങ്ങനെ അങ്ങനെ പലതരം സിനിമകളിൽ ഇന്ത്യൻ സിനിമ പ്രേമികളെ വിസ്മയിപ്പിച്ചു കൊണ്ട് അദ്ദേഹം ജൈത്രയാത്ര തുടരുകയാണ്.